Sunday, May 1, 2016

രൻജിത്തച്ച ന്റെ ചിന്തകൾ 
തെക്കേ അമേരിക്കയിൽ ചില ആദിവാസി വർഗങ്ങളിൽ പെട്ട ചിലര്
കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്.
നമ്മുടെ തേങ്ങായേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇടും. അതിന്റെ ഉള്ളിൽ ഉള്ളതെല്ലാം തുരന്നു പൊള്ളയാക്കും. അതില് കുറെ അണ്ടിപരിപ്പ് പോലുള്ള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും.
നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ.
അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്റെ കടഭാഗത്തായി കെട്ടി വയ്ക്കുകയോ,ചെറിയ മരപ്പൂൾ ഉപയോഗിച്ച് തടിയിൽ അടിച്ചു ഉറപ്പിക്കുകയോ ചെയ്യൂം.
അത്രയേ ഒള്ളൂ കെണി!!!
ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ വരും.മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. വളരെ തിങ്ങി ഞെരിഞ്ഞേ കൈ അകത്തോട്ടു കടക്കുകയുള്ളൂ. ഉള്ളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാതെ ആവും.കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം.,പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.പക്ഷെ കയ്യിൽ ഉള്ള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയില്ല.
കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആ മനുഷ്യര്ക്ക് അറിയാം..
അവര് ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.തലക്ക് അടികൊണ്ട് ചാവുന്നതിന്റെ തൊട്ടു മുന്പുള്ള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുള്ള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു!!!
പാവം! മണ്ടൻ കുരങ്ങൻ അല്ലേ ???
ആ കുരങ്ങൻ മരമണ്ടൻ ആണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.
ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ!!!
ആ കുരങ്ങനെക്കാൾ വിഡ്ഢികളായ നമ്മള്,
നശ്വരമായ ഈ ലോകത്തിന്റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്!!! നമ്മുടെ സമ്പത്ത്, ദുരഭിമാനം, കുടുംബമഹിമ,വിദ്വേഷങ്ങൾ,ജാതിമത ചിന്തകള് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ!
തലയ്ക്കു അടി കൊള്ളുമ്പോ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചുരുട്ടിപിടിച്ച കൈ നിവർത്താൻ നമ്മള് തയ്യാറാവാത്തിടത്തോളം കാലം , എത്ര ഉറക്കെ ദൈവത്തെ വിളിച്ചു കരഞ്ഞാലും കാര്യമില്ല.
സ്വന്തം ജീവനെ പോലും ആവശ്യാനുസരണം പിടിച്ചുനിറുത്താനോ,
ഒരു നിമിഷത്തെ പോലും നിയന്ത്രിക്കാനോ കഴിയാത്ത നിസ്സരൻമാര് ആയ നമ്മള്,നമ്മുടെകയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാൻ തയ്യാറാവണം.
ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സ്വന്തം കൈ നിവർത്താതെ ദൈവത്തെ വിളിച്ചു കരഞ്ഞിട്ട് പിന്നീട് ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറാവുന്ന നമ്മള് അല്ലേ ശരിക്കും വിഡ്ഢികൾ..?

No comments:

Post a Comment