Thursday, January 1, 2015

New Beginning- To Correct and To Renew

തിരുത്തലിന്റെയും പുതുക്കലിന്റെയും ആരംഭബിന്ദു
Posted on: 01 Jan 2015




പുതിയൊരു ജനനത്തെപ്പോലെ ആഹ്‌ളാദകരമാണ് പുതിയൊരു വര്‍ഷത്തിന്റെ വരവും. കടന്നുപോയ വര്‍ഷത്തിന്റെ കഷ്ടനഷ്ടങ്ങളും വേദനകളും മറവിയിലേക്ക് മായ്ച്ചുകളഞ്ഞ് മനുഷ്യരെയാകമാനം പ്രത്യാശയുടെ പ്രഭാതപ്രകാശത്തിലേക്ക് വിളിച്ചുണര്‍ത്താന്‍ ആ നവാഗമത്തിന് കഴിയും. കാലത്തിന്റെയും ചരിത്രത്തിന്റെയും കണക്കുപുസ്തകത്തില്‍ മറ്റേതൊരു തിയ്യതിയും പോലെയാണ് പുതുവര്‍ഷാരംഭദിനവുമെങ്കിലും മനുഷ്യവൃത്തികളില്‍ അതിന് തുടക്കത്തിന്റെ നവോന്മേഷമുണ്ട്. അതുകൊണ്ടുതന്നെ തിരുത്തലിന്റെയും പുതുക്കലിന്റെയും തുടങ്ങലിന്റെയും ആരംഭബിന്ദുവാണ് നവവത്സരദിനം. മനുഷ്യവംശം മുഴുവന്‍ ഈ പ്രതീക്ഷ പങ്കുവെക്കുന്നു. സംഘര്‍ഷങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നെങ്കില്‍ത്തന്നെയും അവയ്ക്കിടയിലും പ്രതീക്ഷയുടെയും ശുഭഭാവിയുടെയും പച്ചക്കതിരുകള്‍ ഒളിവീശിനിന്ന ഒരുവര്‍ഷമാണ് യാത്രപറഞ്ഞ് പഞ്ചാംഗത്തിലേക്ക് മറഞ്ഞത്. മതഭീകരത നടത്തിയ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയും ആകാശദുരന്തങ്ങളും കൊടുംചുഴലികള്‍വിതച്ച ദുരിതങ്ങളും അതില്‍ രക്തക്കറ വീഴ്ത്തിയെങ്കിലും മലാലയുടെയും കൈലാഷ് സത്യാര്‍ഥിയുടെയും നൊബേല്‍ സമ്മാനങ്ങളും മംഗള്‍യാനിന്റെയും വാല്‍നക്ഷത്രത്തിലിറങ്ങിയ ഫിലെ പേടകത്തിന്റെയും വിജയങ്ങളും പോയവര്‍ഷത്തിന്റെ കലണ്ടറില്‍ പ്രകാശംപരത്തിനില്‍ക്കുന്നു. നിഴലും നിലാവും നിറഞ്ഞ ഈ കാലാനുഭവം മനുഷ്യന്റെ പ്രത്യാശയെ ഉണര്‍ത്താന്‍ പോന്നതാണ്. വ്യര്‍ഥമാസങ്ങളെയും കഷ്ടരാത്രികളെയുമോര്‍ത്ത് ഖേദിക്കലല്ല തെറ്റുകള്‍ തിരുത്തി നേരിലേക്ക് നാളെയെ നയിക്കലാണ് മനുഷ്യധര്‍മം. പുതുവര്‍ഷം ആ ധര്‍മചര്യയുടെ പ്രയോഗമണ്ഡലമായിത്തീരണം വ്യക്തികള്‍ക്കും സമൂഹത്തിനും ഭരണകൂടത്തിനും.

മണ്ണിന്റെ വര്‍ഷമായാണ് ഐക്യരാഷ്ട്രസഭ 2015നെ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി മനുഷ്യന്‍ ഏറ്റവുമധികം ദ്രോഹങ്ങള്‍ ചെയ്തുകൂട്ടിയിട്ടുള്ളത് മണ്ണിനോടാണ്. മണ്ണിലേക്കുമടങ്ങേണ്ടവരായ മനുഷ്യര്‍ മലയിടിച്ചും മലരണിക്കാടുകള്‍ വെട്ടിയും തോടുംപുഴയും കൈയേറിയുമെല്ലാം മണ്ണിനെ നശിപ്പിക്കുന്നതിന്റെ വിദ്രോഹകഥകളാണ് നമ്മുടെ അനുഭവത്തിന്റെ പുസ്തകം നിറയെ. അത് തിരുത്താനുള്ള ബാധ്യതയുണ്ട് നമുക്കും നമ്മെ ഭരിക്കാന്‍ നാം തിരഞ്ഞെടുത്തവര്‍ക്കും. പുതുവര്‍ഷം ആ തിരുത്തലിന്റെ തുടക്കമായിത്തീരണം. പുതുവര്‍ഷത്തിലെ പ്രവൃത്തികളോരോന്നും ഭൂമിയോടും ലോകത്തോടുമുള്ള കടംവീട്ടലാക്കി മാറ്റാന്‍ ഓരോരുത്തര്‍ക്കും കഴിഞ്ഞാല്‍ മനുഷ്യന്റെയും പ്രകൃതിയുടെയും ഭാവി സുരക്ഷിതമാവും. പ്രേമഗായകനായ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ ഒരു പാവന പ്രേമപ്രതിജ്ഞ ഓര്‍മിപ്പിക്കട്ടെ:

'പാവന സ്‌നേഹഗാനമോരോന്നു
പാടി ഞങ്ങളുറക്കിടും
വിശ്വഹൃദ്‌സുഖഭഞ്ജകങ്ങളാം
വിഹ്വലതകളൊക്കെയും
കെട്ടഴിയാത്ത മൈത്രിയാലാത്മ
തുഷ്ടി ഞങ്ങള്‍ പുലര്‍ത്തിടും
ആലയംതോറും ഞങ്ങളുത്സവ
ശ്രീലദീപം കൊളുത്തിടും
ഭൂമിയില്‍ ഞങ്ങളദ്ഭുതാവഹ
പ്രേമദീപ്തി വളര്‍ത്തിടും
ഞങ്ങള്‍ നിര്‍മിക്കും കാല്യകാന്തിയാല്‍
മുങ്ങണം ലോകരൊക്കെയും'
ഇതാകട്ടെ നമ്മുടെ പുതുവത്സര പ്രാര്‍ത്ഥനയും പ്രതിജ്ഞയും.

1 comment:

  1. " തെറ്റുകള്‍ തിരുത്തി നേരിലേക്ക് നാളെയെ നയിക്കലാണ് മനുഷ്യധര്‍മം."


    Happy new year .........

    ReplyDelete