ഗാന്ധി എന്നുപേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു ഇവിടെ. അദ്ദേഹം മരിച്ചുപോയി എങ്കിലും സര്‍ക്കാര്‍ ഓഫീസ് ചുവരുകളിലും നമ്മുടെ രൂപാനോട്ടുകളിലുമെല്ലാം അദ്ദേഹത്തിന്റെ ചിത്രം കാണാം. നഗരത്തിലെ ഇംഗ്‌ളീഷ് മീഡിയം ക്‌ളാസുകളിലെ ഒരു മിടുക്കനായ 12 വയസ്സുകാരന്‍ ഈയിടെ ചോദിച്ചതായി കേട്ടു'Who is this Godse? A great sports star?' എവിടെയോ ഗോഡ്‌സെയ്ക്ക് അമ്പലം പണിയാന്‍ പോകുന്നുവെന്ന് കേട്ട് കുട്ടി ചോദിച്ചതാണ് എന്നേയുള്ളൂ. നമുക്ക് ഗോഡ്‌സെയെ അറിഞ്ഞുകൂടാ. എന്നാല്‍, രൂപാനോട്ടുകളില്‍ പടമുള്ളിടത്തോളം കാലം ഗാന്ധിയെ നാം തിരിച്ചറിയും.
ഇത്രയുമെഴുതിയത് വ്യസനംകൊണ്ടല്ല, കരയാനാവാത്തതിനാലാണ്. ചിരിക്കാതിരിക്കാന്‍ വയ്യാത്തതുകൊണ്ടാണ്. ഈ ഗാന്ധിയെന്ന മനുഷ്യന്റെ മുറിയുടെ കോണിലെങ്ങോ മൂന്ന് കുരങ്ങന്മാരുടെ പ്രതിമകളുണ്ടായിരുന്നു. അവയില്‍ ഒന്ന് രണ്ടുകണ്ണും പൊത്തിയിരിക്കുന്നു. രണ്ടാമന്‍ ചെവിരണ്ടും പൊത്തിപ്പിടിച്ചിരിക്കുന്നു. മൂന്നാമത്തെ കുരങ്ങന്‍ ഇരുകൈകളാലും വായ പൊത്തിപ്പിടിച്ചിരിക്കുന്നു. ആ ഓര്‍മയില്‍മാത്രം എഴുതുകയാണ്.
നമുക്കും രണ്ടുകണ്ണും പൊത്തിപ്പിടിക്കാം. ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ നീണ്ടുനീണ്ടുവരുന്ന ക്യൂവിന്റെ വളര്‍ച്ച കാണരുത്. ആയിരമായിരം പെണ്ണുങ്ങളുടെ നിലവിളിശബ്ദം കേള്‍ക്കരുത് ചെവി പൊത്തിപ്പിടിച്ചിരിക്കാം. അവരുടെ തോരാത്ത കണ്ണുനീര്‍ കാണരുത്. സ്‌കൂളിലെ ക്‌ളാസില്‍ പിന്‍നിരകളില്‍ ഡെസ്‌കില്‍ തലചായ്ച്ച് മയങ്ങിയിരിക്കുന്ന നമ്മുടെ മക്കളെ നോക്കരുത്. സ്‌കൂള്‍ബാഗുകള്‍ ഒരിക്കലും തുറന്ന് പരിശോധിക്കരുത്. ഒമ്പതാംക്‌ളാസുകാരുടെ നാവുകുഴഞ്ഞുള്ള അസഭ്യവാക്കുകള്‍ കേള്‍ക്കാനാവുന്നില്ല എന്ന ആവലാതിയുമായി എത്തിയ അധ്യാപികമാരോടും നമുക്കുപറയാം ചെവിപൊത്തിക്കോളൂ. വിദ്യാര്‍ഥികളുടെ മൊബൈലുകള്‍ വാങ്ങി നോക്കരുത് ഞെട്ടിത്തരിച്ചുപോകും. വേണ്ടാ.
ആസ്പത്രികളില്‍ വയറുപെരുകി ചോര ഛര്‍ദിച്ചുകിടക്കുന്ന ചെറുപ്പക്കാരെ കണ്ടാലുടന്‍ കണ്ണുപൊത്തിക്കൊള്ളുക. കാരണം ചോദിക്കരുത്. അവരുടെ ഞരക്കങ്ങള്‍ കേള്‍ക്കരുത്. റോഡപകടങ്ങളില്‍ തകര്‍ന്നുകിടക്കുന്ന വാഹനങ്ങള്‍ നോക്കരുത്. കാല്‍ക്കീഴിലെ ചോരപ്പാടുകള്‍ കാണരുത്. ദൂരെ തെറിച്ചുവീണുകിടക്കുന്ന ഒറ്റ കുഞ്ഞിച്ചെരിപ്പ് കാണാതെ കണ്ണുമുറുകെ പൊത്തിക്കൊള്ളുക.
കുടുംബകോടതികളിലും അദാലത്തുകളിലും നിരനില്‍ക്കുന്ന സ്ത്രീകളുടെ മുഖങ്ങളിലെ തളര്‍ച്ചയും ഭയവും കാണരുത്. അവരുടെ പരാതിക്കടലാസുകള്‍ വാങ്ങി നോക്കരുത്. മുഖങ്ങളിലെ കടുപ്പം ശ്രദ്ധിക്കരുത്. മദ്യപിച്ച് ഉന്മത്തരായ രക്ഷിതാക്കളുടെ ചവിട്ടടിയില്‍ ചതഞ്ഞമരുന്ന കുഞ്ഞുപൂക്കളെ നിങ്ങള്‍ തീര്‍ച്ചയായും കാണരുത്. അവരുടെ പേടിച്ചരണ്ട കരച്ചില്‍ കേള്‍ക്കരുത്. ആരുകുഞ്ഞേ ഉപദ്രവിച്ചത് എന്നുചോദിക്കുമ്പോള്‍ കേള്‍ക്കുന്ന വന്ദ്യനാമങ്ങള്‍ കേള്‍ക്കാതെ പെട്ടെന്ന് ചെവിപൊത്തിക്കൊള്ളുക.
ഇനി പറയുന്നത് ഒരു സാക്ഷിമൊഴിയാണ്; അതിശയോക്തിയല്ല. കുടിക്കാന്‍ കാശുകൊടുക്കാഞ്ഞതിനാല്‍ ഭര്‍ത്താവ്, വീര്‍ത്ത വയറ്റില്‍ ഒറ്റച്ചവിട്ടുകൊടുത്ത് ചിതറിച്ചുകളഞ്ഞ ഏഴുമാസംമാത്രം വളര്‍ച്ചയെത്തിയ പിഞ്ചുകുഞ്ഞിന്റെ ചതഞ്ഞുമുറിഞ്ഞുപോയ കൈകാലുകള്‍ കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍. റെയില്‍പ്പാളത്തില്‍ കിടന്ന ഒന്നരവയസ്സുകാരിയുടെ പിളര്‍ന്നുപോയ ഗുഹ്യഭാഗം തുന്നിക്കെട്ടുന്നത് കണ്ടവരാണ് ഞങ്ങള്‍. 'രാത്രിയില്‍ കിടത്തി ഉറക്കൂല, രക്ഷിക്കണം' എന്ന്‌സ്വന്തം രക്ഷിതാക്കളെച്ചൊല്ലി അപേക്ഷിക്കുന്ന പെണ്മക്കളെ കാണുന്നവരാണ് ഞങ്ങള്‍ഒരിക്കലും നിങ്ങളിവയൊന്നും കാണരുത്കണ്ണുകള്‍ മുറുകെ മുറുകെ പൊത്തിപ്പിടിക്കുക.
തളര്‍ന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നുണ്ടോ? സെക്രട്ടേറിയറ്റുനടയില്‍ ഉപവാസമിരുന്നിരുന്ന് തപിക്കുന്ന കുറേ മൂഢന്മാരുടെ തണുക്കാത്ത മനോവീര്യത്തിന്റെ അനശ്വരനാദമാണത്. പൊത്തിയ കണ്ണുകള്‍ ഒന്ന് പതുക്കെ തുറന്നുനോക്കൂ. മന്മഥന്‍സാറിനെ അവിടെ കാണുന്നില്ലേ, കേളപ്പജിയെ കാണുന്നില്ലേ, ജി. കുമാരപിള്ള സാറിനെ കാണുന്നില്ലേ? നൂറുനൂറ് രക്തസാക്ഷികളുടെ മുഖങ്ങള്‍ അവര്‍ക്കുപിന്നില്‍ നിറഞ്ഞു കാണുന്നില്ലേ! അവരുടെ ശിരസ്സിനുമുകളില്‍ മങ്ങിക്കാണുന്ന ആ മുഖം രൂപാനോട്ടുകളില്‍ നാം കണ്ട് തഴകിയിട്ടുള്ളതല്ലേ? ആ മുഖത്തിനുമപ്പുറം ഉയര്‍ന്നുകാണുന്ന പ്രശാന്തമായ മുഖം ആരുടേതാണ്? നാരായണ ഗുരുദേവന്‍ എന്ന് ആരോ മന്ത്രിച്ചു. മതി, വേഗം കണ്ണുകള്‍ പൊത്താം. അവരെയാരെയും കാണേണ്ട, ഓര്‍ക്കേണ്ട. ജേതാക്കളുടെ പുച്ഛച്ചിരികള്‍ കാണേണ്ട. പത്രങ്ങള്‍ നിരത്തുന്ന അഴിമതിക്കഥകള്‍ വായിക്കേണ്ട. എല്ലാ ബാറുകളും ഇപ്പോള്‍ പൂട്ടുമെന്ന ഭരണാധിപരുടെ പ്രഖ്യാപനങ്ങളും കോടതിച്ചുറ്റികയുടെ ഉഗ്രപതനങ്ങളും കേള്‍ക്കേണ്ട. കാതുകള്‍ പൊത്തിപ്പിടിച്ചുതന്നെയിരിക്കട്ടെ.
ഇരുകൈയുംകൊണ്ട് വായ പൂട്ടിയിരിക്കുന്നത് നന്നായി. പ്രതികരിക്കരുത്, പ്രതിഷേധിക്കരുത്. മിണ്ടരുത്. അമ്മമാരുടെ നിലവിളി ഈശ്വരപാദത്തോളം ഉയര്‍ന്നാലും കടലിനോളം കണ്ണുനീര്‍ നാട്ടില്‍ ഒഴുകിനിറഞ്ഞാലും അക്രമങ്ങള്‍ ഭയാനകമാംവിധം പെരുകിയാലും മദ്യപാനത്തില്‍ മാത്രമല്ല, ആത്മഹത്യകളിലും വാഹനാപകടങ്ങളിലും സ്ത്രീപീഡനങ്ങളിലും മലയാളി ഒളിമ്പിക് മെഡല്‍ നേടി നിവര്‍ന്നുനിന്നാലും നാം അനങ്ങരുത്. കണ്ണുപൊത്തി, ചെവിപൊത്തി വായപൊത്തി സ്വന്തംകാര്യംമാത്രം നോക്കി കഴിഞ്ഞുകൊള്ളുക.
സഹോദരങ്ങളേ, ആ മൂന്ന് കുരങ്ങന്മാരാവട്ടെ നമ്മുടെ ഇഷ്ടദേവന്മാര്‍. കൂടുതലൊന്നും പറയാനില്ല.
പലപ്പോഴും നാം വളർച്ചയെത്താത്ത മനസ്സിനുടമകളാണു.
ReplyDelete